ലക്നോ: അയോധ്യ രാമക്ഷേത്ര ട്രസ്റ്റിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങൾ അന്വേഷിക്കാൻ ഉത്തർപ്രദേശ് സർക്കാർ മൂന്നംഗ പ്രത്യേക അന്വേഷണ സമിതിയെ നിയമിച്ചു.
സത്യാവസ്ഥ പുറത്തുകൊണ്ടുവരുന്നതിന് അന്വേഷണം ആവശ്യമാണെന്ന് കാട്ടി ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് നൽകിയ അപേക്ഷയെത്തുടർന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണത്തിന് ഉത്തരവിട്ടത്. രാമക്ഷേത്രത്തിന്റെ പ്രതിച്ഛായ തകർക്കാൻ ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ട്രസ്റ്റ് ആരോപിച്ചു.
ലക്നോ ഡിവിഷണൽ കമ്മീഷണർ വിജയ് വിശ്വാസ് പന്ത്, ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് കിരൺ എസ്., ധനകാര്യവകുപ്പ് സ്പെഷൽ സെക്രട്ടറി നീൽ രത്തൻ എന്നിവരടങ്ങുന്നതാണ് അന്വേഷണസംഘം. വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തി എസ്ഐടി റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും.
ഉയർന്നുവന്ന ആരോപണങ്ങളിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്നാണു ട്രസ്റ്റ് സംസ്ഥാനസർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജവിവരങ്ങളുടെ യഥാർഥവസ്തുതകൾ പുറത്തുകൊണ്ടുവരാൻ അന്വേഷണം ആവശ്യമാണെന്ന് ട്രസ്റ്റ് ആവശ്യപ്പെട്ടു.
ലക്ഷക്കണക്കിനു വിശ്വാസികളുടെ വിശ്വാസത്തെ വ്രണപ്പെടുത്താനും ക്ഷേത്രത്തെ അപകീർത്തിപ്പെടുത്താനും ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ട്രസ്റ്റ് ആരോപിച്ചു.
രാമക്ഷേത്രത്തിലേക്ക് ലഭിച്ച കോടിക്കണക്കിന് രൂപയുടെ സംഭാവനകൾ കാണാതായെന്ന് റിപ്പോർട്ടുകളുണ്ടെന്നും വിഷയത്തിൽ കോടതി സ്വമേധായാകേസെടുക്കണമെന്നും ആവശ്യപ്പെട്ട് സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് രംഗത്തെത്തിയതോടെയാണ് വിവാദങ്ങൾക്കു തുടക്കമാകുന്നത്.
എന്നാൽ, ആഭ്യന്തര ഓഡിറ്റിംഗ് നടക്കുന്നുണ്ടെന്നും ഇത്തരം ക്രമക്കേടുകൾ ഇതുവരെ ശ്രദ്ധയിൽപ്പെട്ടില്ലെന്നുമായിരുന്നു ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയുടെ പ്രതികരണം. ഇതിനുപിന്നാലെ ട്രസ്റ്റിന്റെ ആസ്തിസംബന്ധിച്ചുള്ള വിവരങ്ങൾ പരസ്യപ്പെടുത്തണമെന്ന് കാട്ടി മുതിർന്ന ബിജെപി നേതാവ് രജനീഷ് സിംഗ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചതോടെ വിവാദം ശക്തമായി.
രാമക്ഷേത്രത്തിലെ സംഭാവനകൾ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് ആരോപിച്ച് മുൻ എംപിയും ബിജെപി നേതാവുമായ ബ്രിജ് ഭൂഷൺ ശരൺസിംഗും രംഗത്തെത്തിയിരുന്നു. ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണം വേണമെന്നായിരുന്നു യുപി കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് ആവശ്യപ്പെട്ടു. എന്നാൽ, നിർമാണ മേൽനോട്ട ചുമതല മാത്രമാണ് തനിക്കുള്ളതെന്നും സാമ്പത്തികകാര്യങ്ങളിൽ പ്രതികരിക്കാനില്ലെന്നും രാമക്ഷേത്ര നിർമാണ സമിതിചെയർമാൻ നൃപേന്ദ്ര മിശ്ര വ്യക്തമാക്കി.